രക്തദാനത്തിലൂടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി ബ്ലഡ് ഡോണേഴ്സ് കേരള, യാത്ര കുവൈത്ത് ടീമുകൾ.ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററും, യാത്ര കുവൈത്തും സംയുക്തമായി യൂണിമണിയുടെ സഹകരണത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ഭാരതത്തിന്റെ 70 മത് റിപ്പബ്ലിക് ദിനാഘോഷവും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.പ്രവാസലോകത്തെ തിരക്കേറിയ ജീവിതചര്യയിലും സഹജീവികളോടുളള സ്നേഹവും കരുതലുമായി ജീവരക്തം പകർന്നു നൽകുവാൻ നൂറിനടുത്ത് രക്തദാതാക്കളും, സന്നദ്ധപ്രവർത്തകരും ഒത്ത് ചേർന്നു.
രക്തദാതാക്കൾക്ക് വേണ്ട സൗകര്യങ്ങളും, സഹായങ്ങളും ഒരുക്കിക്കൊണ്ട് ബിഡികെയുടെ നിരവധി സന്നദ്ധപ്രവർത്തകർ സജീവമായി ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം ബിഡികെ കുവൈത്ത് രക്ഷാധികാരിയും, കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവത്തകനുമായ മനോജ് മാവേലിക്കര നിർവ്വഹിച്ചു. പ്രസിഡണ്ട് മുരളി പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യാത്ര കുവൈത്ത് പ്രസിഡണ്ട് അനിൽ ആനാട് റിപ്പബ്ലിക്ദിന സന്ദേശം നൽകുകയും, യൂണിമണി പ്രതിനിധി ശ്രീജിത്ത് ആശംസ അർപ്പിക്കുകയും ചെയ്തു.
ബിഡികെ പ്രതിനിധി രഘുബാൽ സ്വാഗതവും, യാത്ര കുവൈത്ത് ജനറൽ സെക്രട്ടറി ജിസ്മോൻ നന്ദിയും രേഖപ്പെടുത്തി.
കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി രക്തദാനത്തിന് സന്നദ്ധരായവരെ ക്യാമ്പിലെത്തിച്ചത് യാത്ര കുവൈത്തിന്റെ വിവിധ യൂണിറ്റുകളിലെ പ്രവർത്തകരാണ്. വാരാന്ത്യത്തിലെ തിരക്കിലും ഉച്ചക്ക് ശേഷമുള്ള സവാരി ഉപേക്ഷിച്ചാണ് പ്രവർത്തകർ ക്യാമ്പിന്റെ സംഘാടനത്തിനായി മുന്നോട്ട് വന്നത്.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കളേയും, പരിപാടിയുടെ പങ്കാളിത്തത്തിലൂടെ സാമൂഹ്യ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ച യാത്രാ കുവൈറ്റ് ടീമിനെയും, ക്യാമ്പിന് വേണ്ട എല്ലാ പിന്തുണയും സഹകരണവും നൽകി കൂടെ നിന്ന യൂണിമണി ടീമിനെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
കുവൈത്തിൽ രക്തദാനക്യാമ്പുകളും, അനുബന്ധപ്രവർത്തനങ്ങളും ചെയ്യുവാൻ താത്പര്യമുള്ള സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.