ബി. ഡി. കെ കുവൈറ്റ് ചാപ്റ്റര്‍ മുൻ പ്രസിഡന്റ് ശ്രീ രഘുബാലിന് യാത്രയയപ്പ് നൽകി. നീണ്ട കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന രഘുബാലിന് ബി. ഡി. കെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ, കുവൈറ്റിലെ വിവിധ സംഘടനാപ്രതിനിധികൾ പങ്കെടുത്തു.
കുവൈറ്റിലെ പ്രവാസ ജീവിത കാലത്തു തികഞ്ഞ അര്‍പ്പണബോധത്തോടെ തന്റെ നിസ്സീമവും നിസ്വാർത്ഥവുമായ സേവനങ്ങളിലൂടെ ബി. ഡി. കെ കുവൈറ്റ് ചാപ്റ്ററിനെ കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രീ രഘുബാലിനു കഴിഞ്ഞു. സന്നദ്ധ രക്തദാനത്തിന്റെ മഹത്വവും രക്തദാനത്തിന്റെ സാമൂഹിക നന്മകളും കുവൈറ്റിൽ പ്രചരിപ്പിക്കുവാനും, മികച്ച നേതൃത്വപാടവത്തോടെ ബി. ഡി. കെയെ മുന്നോട്ട് നയിക്കുവാനും ശ്രദ്ധിച്ച ശ്രീ രഘു ബാലിന് ജന്മ നാട്ടിലും കൂടുതൽ കർമ്മമണ്ഡലങ്ങളിൽ തിളങ്ങുവാൻ കഴിയട്ടെ എന്നും യോഗത്തിൽ ആശംസിച്ചു. ബി ഡി കെ കുവൈറ്റിന്റെ സ്നേഹോപഹാരം പിന്നീട് നടന്ന ഒരു ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. കുവൈറ്റിലെ ബ്ലഡ് ബാങ്ക് അധികാരികളും , വിവിധ സംഘടനകളും നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നു മറുപടി പ്രസംഗത്തിൽ രഘുബാൽ പരാമർശിച്ചു. ബി. ഡി . കെ യുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്തു.
കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികളായ ഷംസു താമരക്കുളം, രാജീവ് എൻ , ചാൾസ് പി ജോർജ് , സലിം രാജ് , അബ്ദുൾ വഹാബ് , കലേഷ് ബി പിള്ളയ്, ജെയ്സൺ വിച്ചാട്ട് , മുനീർ പിസി എന്നിവർ രഘുബാലിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനത്തിന് ബി. ഡി. കെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജയൻ സദാശിവൻ സ്വാഗതവും , നിമീഷ് കാവാലം നന്ദിയും പ്രകാശിപ്പിച്ചു.